FLASHNEWS
PARISH NEWS
ആത്മീയതയിലും സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ജീവിതശൈലി രൂപപ്പെടുത്തുക; പരിശുദ്ധ കാതോലിക്കാ ബാവാ

മസ്കറ്റ് : ആത്മീയതയിലും പാരസ്പരിക സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമായ ജീവിതശൈലി നാം രൂപപ്പെടുത്തണമെന്ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ശ്ലൈഹീക സന്ദർശനത്തിയി മസ്‌ക്കറ്റ് മഹായിടവകയിൽ എത്തിയ ബാവായ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്താമാർക്കും മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ.

ആത്മീയത മനുഷ്യനെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്നു. അതോടൊപ്പം ഇന്ന് ആത്മീയ ജീർണതകളും വർദ്ധിക്കുന്നു അതിനെ നമുക്ക് ഉന്മൂലനം ചെയ്യേണ്ടതാണ്. പരസ്പര സ്നേഹവും ആർദ്രതയും, അപരന്റെ വേദനകളിൽ അവരോട് താദാത്മ്യം പ്രാപിക്കാനുള്ള മനസ്സും നമ്മിലുണ്ടാകണം. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പാത പിന്തുടരുക. നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക് നല്ല ശീലങ്ങളും മാതൃകകളും മാതാപിതാക്കൾ പകർന്നു നൽകുക ഓരോ സഭാ അംഗങ്ങളും സഭയുടെ ഉടമസ്‌ഥരാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കണം മെന്നു പരിശുദ്ധ ബാവാ ഉദ്‌ബോധിപ്പിച്ചു.

റൂവി സെന്റ്. തോമസ് ചർച്ചിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനാനന്തരം നടന്ന പൊതുസമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സഭയുടെ മുംബൈ ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ്, നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഇടവക വികാരി റവ. ഫാ. പി. ഓ. മത്തായി, ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെയിംസ് ഗീവർഗീസ്, അസ്സോസിയേറ്റ് വികാരി റവ. ഫാ. ബിജോയ് വർഗീസ്, ഇടവക ട്രസ്റ്റി ബിജു പരുമല എന്നിവർ സംസാരിച്ചു. മുൻ വികാരിമാരായ റവ. ഫാ. ജോജി ജോർജ്, റവ. ഫാ. ബിനു ജോൺ തോമസ്, റവ. ഫാ. സി. എസ്. മാത്യു, ഇടവക സെക്രട്ടറി ബിനു ജോസഫ് കുഞ്ചാറ്റിൽ, കോ-ട്രസ്റ്റി ജാബ്‌സൺ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ. സി. തോമസ്, ബോബൻ മാത്യു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ ഇടവകയുടെ കാതോലിക്കാദിന വിഹിതം, മലങ്കര സഭയുടെ വിധവാ പെൻഷൻ പദ്ധതിക്കുള്ള സഹായനിധി എന്നിവ പരിശുദ്ധ ബാവായ്ക്ക് കൈമാറി. ഇടവകയുടെ മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് കർമ്മവും ബാവാ നിർവ്വഹിച്ചു. ജൂനിയർ ക്വയർ കാതോലിക്കാ മംഗളഗാനം ആലപിച്ചു. തുടർന്ന് മഹാ ഇടവകയിൽ ആത്മീയ സംഘടനകളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. നേരത്തെ ഇടവകയിലെത്തിയ പിതാക്കന്മാർക്ക് പരമ്പരാഗത രീതിയിൽ പിതാക്കന്മാർക്ക് സ്വീകരണം നൽകി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7